തട്ടുംതടവും

Just another WordPress.com site

കുഞ്ഞാലിക്കുട്ടിയുടേത് ജനാധിപത്യവിരുദ്ധ സമീപനം

സ്വതന്ത്ര ഇന്ത്യയില്‍ മുപ്പത്തിയാറായിരത്തിലേറെ വര്‍ഗീയ കലാപങ്ങളുണ്ടായി. അവയിലൂടെ മുപ്പത്തിമൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. ഈ കലാപങ്ങളിലൊന്നില്‍പോലും ഒരൊറ്റ ജമാഅത്തെ ഇസ്‌ലാമിക്കാരനും പങ്കാളിയായിട്ടില്ല. ഒരൊറ്റ കൊലപാതകത്തിലും ഒരൊറ്റ പ്രവര്‍ത്തകനും പ്രതി പോലുമായിട്ടില്ല. രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ജമാഅത്ത് ആരോപണ വിധേയമായിട്ടില്ല. ഇക്കാര്യം നിഷ്പക്ഷരായ ഏവര്‍ക്കും നന്നായറിയാം. അതിനാലാണ് തല്‍പര കക്ഷികള്‍ ജമാഅത്തിനെതിരെ നിരന്തരം തീവ്രവാദവും ഭീകരതയും ആരോപിച്ചിട്ടും ജനം അത് വിശ്വസിക്കാത്തത്. അവര്‍ ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിക്കാന്‍ സന്നദ്ധമാവുന്നത്. അതിനെതിരെ ആരോപണമുന്നയിക്കുന്നവര്‍ പോലും പ്രായോഗിക മേഖലകളില്‍ സഹകരണാത്മകമായ നിലപാട് സ്വീകരിക്കുന്നത്.

എന്നിട്ടും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ജമാഅത്തെ ഇസ്‌ലാമി തീവ്രവാദം വളര്‍ത്തുന്ന സംഘടനയാണെന്ന് ആരോപിച്ചിരിക്കുന്നു. ജമാഅത്തുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പിന്തുണ തേടുകയോ വോട്ട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും തറപ്പിച്ചു പറയുന്നു. ജമാഅത്തിന്റെ വോട്ട് സ്വീകരിക്കുന്നത് മറ്റു മുസ്‌ലിം സംഘടനകളുടെയും ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങളുടെയും വോട്ട് നഷ്ടപ്പെടാന്‍ കാരണമാകുമെന്നും അവകാശപ്പെടുന്നു. പതിനഞ്ച് നിയോജക മണ്ഡലങ്ങളില്‍ വോട്ട് നല്‍കാനുള്ള ജമാഅത്ത് തീരുമാനം യു.ഡി.എഫിനെ പരിഹസിക്കലായി വിലയിരുത്തുന്നു.

കേരളത്തില്‍ ഏറ്റവും അവസാനമായി ശക്തമായ ബോംബ് സ്‌ഫോടനമുണ്ടായത് കോഴിക്കോട് ജില്ലയിലെ നരിക്കാട്ടേരിയിലാണ്. ബോംബ് പൊട്ടി മരണമടഞ്ഞ അഞ്ച് മുസ്‌ലിം ചെറുപ്പക്കാരും കുഞ്ഞാലിക്കുട്ടിയുടെ സംഘടനയിലെ പ്രവര്‍ത്തകരാണ്. തട്ടിക്കളിക്കാനല്ലല്ലോ അവര്‍ ബോംബുണ്ടാക്കിയിരുന്നത്. കേരളത്തിലെ പല കൊലപാതകങ്ങളിലും ക്രിമിനല്‍ കേസുകളിലും മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തകര്‍ പ്രതികളാണ്. ഇക്കാര്യം നിഷേധിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധ്യമല്ല. അഥവാ തീവ്രവാദ സമീപനം സ്വീകരിക്കുകയും ഭീകരപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവര്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് തികച്ചും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത്.

മുസ്‌ലിംലീഗ് നേതൃത്വം ജമാഅത്തെ ഇസ്‌ലാമിയുമായി നിരവധി തവണ രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഏറ്റവും അവസാനം പി.വി. അബ്ദുല്‍ വഹാബിന്റെ കോഴിക്കോട്ടെ വസതിയില്‍ വെച്ച് നടത്തിയ ചര്‍ച്ചപോലും രാഷ്ട്രീയമായിരുന്നു. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും എം.കെ. മുനീറും അബ്ദുസ്സമദ് സമദാനിയുമുള്‍പ്പെടെ പ്രമുഖരായ മുസ്‌ലിംലീഗ് നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സഹായം തേടുകയും വോട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു തവണയല്ല, പല തവണ. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് നിരവധി പ്രാവശ്യം പല ലീഗ് സ്ഥാനാര്‍ഥികളും സ്വീകരിച്ചിട്ടുമുണ്ട്. ദൈവത്തിലും മതത്തിലും വിശ്വാസമില്ലാത്ത പിണറായി വിജയനും സി.പി.എം നേതാക്കളും ചര്‍ച്ച നടത്തിയ കാര്യം സമ്മതിക്കുകയും സത്യം പറയുകയും ചെയ്യുമ്പോള്‍ മതത്തെയും സമുദായത്തെയും പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന കുഞ്ഞാലിക്കുട്ടി ഒട്ടും മടിയില്ലാതെ അസത്യം പറയുന്നത് അദ്ഭുതകരമായി തോന്നുന്നു. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ഒരു മുസ്‌ലിം നേതാവില്‍നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ്രപസിഡന്റ് കെ.എം. ഷാജി കണ്ണൂര്‍ ജില്ലാ സോളിഡാരിറ്റി ഓഫിസില്‍ പോയതിനെ സംബന്ധിച്ച് ഓഫിസിന്റെ മുന്നിലൂടെ പോയപ്പോള്‍ ഫോട്ടോ എടുത്തതായിരിക്കുമെന്ന് പറയാന്‍ മാത്രം അദ്ദേഹത്തെപ്പോലെ ഒരാള്‍ തരംതാഴരുതായിരുന്നു. ഷാജി സോളിഡാരിറ്റി ഓഫിസില്‍ പോയി സഹായം തേടിയത് ജമാഅത്തെ ഇസ്‌ലാമി വലിയ കാര്യമായി കൊട്ടിഘോഷിച്ചിട്ടില്ല.

2006ലെ സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണക്കുകയും അതിന്റെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, പല നിയോജക മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് അനുകൂലമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ട പോെല ജമാഅത്തിന്റെ പിന്തുണയും വോട്ടും ഹൈന്ദവ-ക്രൈസ്തവ വോട്ടുകളും മുസ്‌ലിം മതസംഘടനകളുടെയും പിന്തുണയും വോട്ടും നഷ്ടപ്പെടുത്തുമെങ്കില്‍ 2006ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, ചരിത്രത്തിലെ തിളക്കമാര്‍ന്ന വിജയം അവര്‍ക്കുണ്ടായി. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും കെ.എം. ഷാജിയും ഇ.ടി. മുഹമ്മദ് ബഷീറും ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. കുഞ്ഞാലിക്കുട്ടിയുടെ വാദമനുസരിച്ച് ജമാഅത്ത് എല്‍.ഡി.എഫിനെ പിന്തുണക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നത് സുന്നികളുടെയും മുജാഹിദുകളുടെയും വോട്ട് അവര്‍ക്ക് നഷ്ടപ്പെടുത്തുകയും ലീഗിന്റെ കൊട്ടയില്‍ കൊണ്ടെത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ മങ്കടയിലും കുറ്റിപ്പുറത്തും പെരിന്തല്‍മണ്ണയിലുമെല്ലാം ലീഗ് സ്ഥാനാര്‍ഥികള്‍ നിഷ്പ്രയാസം ജയിക്കേണ്ടതായിരുന്നു.

15 നിയോജക മണ്ഡലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കുന്നത് യു.ഡി.എഫിനെ പരിഹസിക്കലാണെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദമാണ് പരിഹാസ്യം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് 17 നിയോജക മണ്ഡലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ട് നല്‍കിയത്; പൊന്നാനിയിലും വയനാട്ടിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും. അന്നത്തെ യു.ഡി.എഫിനുള്ള പിന്തുണ പത്തു ശതമാനമായിരുന്നു. ഇപ്പോള്‍ അന്നത്തെക്കാള്‍ നേരിയ ശതമാനമെങ്കിലും കൂടുതലാണ്. എന്നിട്ടും അന്ന് തോന്നാത്ത വികാരം ഇപ്പോഴുണ്ടാവാന്‍ കാരണമെന്ത്? അന്ന് കുഞ്ഞാലിക്കുട്ടി മത്സരിക്കുകയും വോട്ട് നിഷേധിക്കപ്പെടുകയും ചെയ്തിരുന്നില്ല എന്നതാകാനേ തരമുള്ളൂ.
തനിക്കില്ലെങ്കില്‍ മറ്റാര്‍ക്കും വേണ്ട എന്ന സങ്കുചിതവും അയുക്തികവുമായ നിലപാടായേ ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ട എന്ന കുഞ്ഞാലിക്കുട്ടിയുടെ സമീപനത്തെ കാണാന്‍ കഴിയൂ. ജമാഅത്തിന്റെ തീരുമാനം പുറത്തുവരുന്നതിനുമുമ്പ് അദ്ദേഹം പറഞ്ഞിരുന്നത് ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ തയാറായാല്‍ ആലോചിച്ച് സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നായിരുന്നു. തനിക്ക് വോട്ടില്ലെന്ന് ഉറപ്പായതോടെ എങ്കില്‍ ആര്‍ക്കും വേണ്ട എന്ന സമീപനം സ്വീകരിക്കുകയാണുണ്ടായത്.

ഐക്യജനാധിപത്യ മുന്നണിക്കുതന്നെ ജമാഅത്തിന്റെ വോട്ടുവേണ്ട എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. എന്നാല്‍, വോട്ടുവേണ്ടെന്ന് പറയില്ലെന്നാണ് മുന്നണിയിലെ ഏറ്റവും പ്രധാന കക്ഷിയുടെ സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്. ജനാധിപത്യ സംവിധാനത്തില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് വ്യക്തിപരമായോ കൂട്ടായോ തങ്ങളുടെ സമ്മതിദാനാവകാശം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാന്‍ അധികാരമുണ്ട്. ഈ അധികാരം സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശത്തെ നിഷേധിക്കാന്‍ നടത്തുന്ന ജനാധിപത്യവിരുദ്ധമായ നിലപാടിനെ കേരളീയ സമൂഹം തിരിച്ചറിയാതിരിക്കില്ല.

ശൈഖ് മുഹമ്മദ് കാരകുന്ന്

ഒരു അഭിപ്രായം ഇടൂ

Information

This entry was posted on ഏപ്രില്‍ 14, 2011 by .

നാവിഗേഷൻ